Monday, December 9, 2013

ഡിസംബര്‍ .....



പന്ത്രണ്ടു മാസങ്ങളില്‍ ഒടുവില്‍ മാത്രം 

വരാന്‍ വിധിക്കപ്പെട്ട് 

വിഷാദത്തിന്റെ മൂടുപടം  മഞ്ഞായ്‌ പുതച്ച് 

നിശബ്ദം വന്നെത്തുന്ന ഡിസംബര്‍ ..........

ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിനപ്പുറം 

കാതരമായ് തഴുകി തണുപ്പിക്കാന്‍ 

വന്നെത്തുന്ന ഡിസംബര്‍..........

ഹൃദയ തന്ത്രികളില്‍ പതിയെ

പ്രണയം തൊട്ടുണര്‍ത്തുന്ന ഡിസംബര്‍..........

Friday, November 22, 2013

മൌന നൊമ്പരം ...


പുസ്തക താളുകള്‍ ഏറെ മറിച്ചും 

ചൊല്ലിപഠിച്ചും ,കുത്തിക്കുറിച്ചും

ഒട്ടേറെ വിദ്യകള്‍ ഹൃദ്യസ്ഥമാക്കി ഞാന്‍ .....

ശാസ്ത്രം പഠിച്ചു ,ഗണിതം പഠിച്ചു 

വെവ്വേറെ ഭാഷകള്‍ സ്വായത്തമാക്കി

ചരിത്രം പഠിക്കുവാന്‍ ഉലകം കറങ്ങി ഞാന്‍  

നൃത്തത്തിന്‍ മുദ്രയും,നടനത്തിന്‍ നാട്യവും ഏറെ പഠിച്ചു 

വേഷപകര്‍ച്ചയാല്‍ അരങ്ങത്താടിതകര്‍ത്തു ഞാന്‍ 

സപ്തസ്വരത്തിന്റെ മോഹനരാഗങ്ങള്‍

Wednesday, October 2, 2013

കുഞ്ഞേ ...മാപ്പ്‌..............





ഇന്നും ഹെഡ്മിസ്ട്രസ് മോളിടീച്ചറുടെ വായില്‍നിന്നും നല്ലത് കേള്‍ക്കുമല്ലോ ഈശ്വരാ ....സ്കൂളില്‍ ബെല്ലടിച്ചിട്ടുണ്ടാകുമോ....?കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ട അദ്ധ്യാപകര്‍ നിങ്ങള്‍ തന്നെ ഇങ്ങനെ താമസിച്ചുവന്നാല്‍ ഞാന്‍ എന്താ ചെയ്യുക ...!!!?എന്നൊക്കെയുള്ള മോളിടീച്ചറുടെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ആകെ ടെന്‍ഷന്‍ കൂടി......

Wednesday, September 4, 2013

ഓണം...................



ഓണക്കോടിയുടുത്തും കൊണ്ട്

തുമ്പികള്‍ വരവായ്‌ .

പൂ തുമ്പികള്‍ വരവായ്‌

പൂക്കളം തീര്‍ക്കാന്‍ പൂമണം തൂകാന്‍ 

തുമ്പികള്‍ വരവായ്‌ .

ഓണ തുമ്പികള്‍ വരവായ്‌ 

പൂമണം തൂകും...  പൂക്കളനടുവില്‍

തുമ്പപൂവേണം .....തുമ്പപൂ വേണം ...

Sunday, June 2, 2013

ശലഭം





കുന്നികുരുമണി വാരി കളിച്ചില്ല

പാടവരമ്പില്‍ ഞാനോടി കളിച്ചില്ല

ഒഴുകും പുഴയില്‍ ഞാന്‍ നീന്തിത്തുടിച്ചില്ല

ചെമ്പകപ്പൂമണം ഞാനൊന്നറിഞ്ഞില്ല

പിച്ചകപ്പൂവൊന്നും    കൂന്തലില്‍ ചൂടിയില്ല

മാമ്പഴകൊമ്പില്‍ ഞാന്‍ കല്ലൊന്നുമെറിഞ്ഞില്ല

പൂമരക്കൊമ്പില്‍ ഞാന്‍ ഊഞ്ഞാലാടിയില്ല

Thursday, May 30, 2013

കള്ളം പറയാത്ത പെണ്‍കുട്ടി....





അവള്‍ക്കു കളവു പറയാന്‍ അറിയില്ലായിരുന്നു.അച്ഛനില്ലാത്ത സമയങ്ങളില്‍ വന്നിരുന്ന അപരിചിതനായ അങ്കിള്‍ അമ്മയ്ക്കും തനിക്കും കെട്ടിപിടിച്ചു ഉമ്മകള്‍ തരുമെന്ന് വര്‍ഷത്തില്‍  മാത്രം വിരുന്നു വരുന്ന അച്ഛനോട് കൊഞ്ചികുഴഞ്ഞ് സത്യം പറഞ്ഞ അവളെ ഇവള്‍ കള്ളിയാണ് എന്ന് ആദ്യമായി വിളിച്ച് ദൂരേയ്ക്ക് പോയ്‌ മറഞ്ഞത് അമ്മതന്നെ ആയിരുന്നു.ആദ്യ രാത്രിയില്‍ ഭര്‍ത്താവിനോട് താന്‍ കന്യക അല്ല എന്ന സത്യം പറഞ്ഞപ്പോള്‍ അവള്‍ വഞ്ചകി ആയി.ഗര്‍ഭപത്രത്തില്‍ പിറവിയെടുത്ത വലിയ സത്യം  അവളോട്‌ പിതൃത്വം തിരയവേ നീ ഒരു തന്തയില്ലാത്തവനാണ് എന്ന സത്യം പറഞ്ഞ അവളുടെ  കഴുത്തിലമര്‍ന്ന മകന്റെ കൈകള്‍ക്കിടയിലൂടെ പ്രാണന്‍ പറിഞ്ഞു പോകവെ ,എല്ലാ സത്യങ്ങളും പറയാന്‍ പാടില്ല എന്ന മറ്റൊരു സത്യവും  അവള്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കും നിത്യമായ സത്യത്തിലേക്ക് അവള്‍  എത്തപ്പെട്ടിരുന്നു

(വിഷയ സംബധമായ്‌ ഗ്രൂപ്പില്‍ നടത്തിയ മല്‍സരത്തില്‍ സമ്മാനാര്‍ഹമായ രചന )

Tuesday, May 21, 2013

മയില്‍പീലി.....




പ്രണയത്തിന്‍ പല്ലവി പാടി നീ
ഒരു നാളെന്‍ അരികത്തെത്തി 
എന്നുള്ളില്‍ കുറുകിയ കിളിയത് മെല്ലെ 
മോഹത്തിന്‍ ചിറകു കുടഞ്ഞ്
അനുപല്ലവി പതിയെ പാടി .


സ്വപ്നത്തിന്‍ ചിറക് വിടര്‍ത്തി 
ഞാന്‍ വാനില്‍ ഉയരുംനേരം 
നിന്‍ ഓര്‍മ്മതന്‍ ആഴങ്ങളില്‍
എന്നോ നീയെന്നെയെറിഞ്ഞു 
കനമേറിയ ശിലയതുപോല്‍
ഞാനവിടെ ആണ്ടുകിടന്നു 
പല നാളുകള്‍യേറെ കഴിഞ്ഞു 
എന്‍ മാനസവാടിയിലും
ഞാന്‍ കോറിയ നിന്‍ചിത്രം
മാറാലകള്‍ പതിയെ മൂടി 


നിനയ്ക്കാത്തോരുനേരത്ത്
അനുവാദം ചോദിച്ച്
എന്‍ പടിവാതില്ക്കല്‍
പതിയെ നീ മുട്ടിവിളിക്കെ
ഞാന്‍ നല്‍കിയ പീoത്തില്‍
കോലാലയ ഓരത്ത്
ചിരിതൂകി നീ ചാരെയിരുന്നു 


ഈ വൈകിയ നേരത്ത്
ഇനി എന്നെ തേടുവതെന്തേ?
നീ നേടിയനേട്ടങ്ങള്‍
പരിഹാസമേമ്പൊടിയോടെ
എന്മുന്നില്‍ കാട്ടാനോ?
എന്‍ ജീവിത കോട്ടങ്ങള്‍
നിരയെണ്ണി അളക്കാനോ 
എന്നിങ്ങനെ പലചോദ്യം
എന്നുള്ളില്‍ നുരപൊന്തെ
ശേഷിക്കും നാളുകളില്‍ ഞാന്‍
മൌനത്തിന്‍ കച്ചപുതയ്ക്കാം 

ഹൃത്തിന്റെ താളോന്നില്‍ 
മയില്‍പീലിതുണ്ടതുപോലെ 
ഞാന്‍ നിന്നെ  ഒളിപ്പിക്കാം 
പൂമാനമത്  കാണാതെ 
മരണത്തിന്‍ മൂര്‍ദ്ധാവില്‍ 
ഞാന്‍പതിയെ ചുംബിക്കെ 
മയിലായ് ഞാന്‍ ജനിച്ചീടാം
മറുജന്മം നിന്‍ ഹൃത്തിന്‍ 
താഴ്വരയില്‍ ........


*********************റസ്ല സാഹിര്‍ ***************
***********************സലാല*******************


Saturday, May 11, 2013

വളപ്പൊട്ടുകള്‍ ................


       
സലാം വീട്ടി കൈകള്‍ മേല്‍പോട്ടുയര്‍ത്തി.....പുതുതായി ഒന്നും പ്രാര്‍ഥിക്കാനില്ല. പത്തുവര്‍ഷങ്ങളായിതുടരുന്ന പ്രാര്‍ത്ഥന. ആദ്യകാലത്ത് ആര്‍ത്തലച്ച വിലാപങ്ങളായി ഉയര്‍ന്നിരുന്നത് ഇന്ന് നിശബ്ദ തേങ്ങലുകളായി തീര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥനയല്ലാതെ നിരാലംബയായ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക?.വര്‍ഷങ്ങള്‍ നീണ്ട ഈ യാത്രയില്‍ ആദ്യം ഉണ്ടായിരുന്ന തന്റേടവും ധൈര്യവും കൈമോശം വന്നിരിക്കുന്നു. എത്ര തടയാന്‍ ശ്രമിച്ചാലും ഓര്‍മയുടെ ഹരിതഭംഗിയിലേക്ക് മനസ്സിടക്ക് ചിറകടിച്ചു പോകും . ചുട്ടുപൊള്ളുന്ന ഗ്രീഷ്മ്മത്തിനിടക്ക് നനുത്ത കൈവിരലുകളാല്‍ ഉള്ള തലോടല്‍ പോലെയാണ് ആ ഓര്‍മ്മകള്‍.ഈ മണലാരണ്യത്തിന്റെ ഭയപ്പെടുത്തുന്ന ഏകാന്തതയില്‍ ഒറ്റപ്പെട്ടുപോയപ്പോഴാണ് പുലരികളുടെ സൌന്ദര്യവും കഥകള്‍ പറഞ്ഞു മറയുന്ന സന്ധ്യകളുമൊക്കെ എത്ര വലിയ നഷ്ടങ്ങളാണെന്ന് തിരിച്ചറിയുന്നത്.
                                        
                   
  പുലര്‍ച്ചെ 4 മണിയാകുംപോഴേ ഉമ്മയും,വലിയിത്തയും ഉണരും ഉപ്പാക്ക് കൊണ്ടുപോകാനുള്ള പഴംപൊരിയും,ബജിയും ഒക്കെ ഉണ്ടാക്കുന്ന തിരക്കിലാകും അവര്‍.സമയം തെറ്റിയാല്‍ ഉപ്പാക്ക് ദേഷ്യം വരും. സുബഹി കഴിഞ്ഞുപോണ പതിവുകാരുടെ കച്ചവടം പോകില്ലേ ? നല്ല കച്ചവടം നടക്കുന്ന സമയമാണ്. ഓ..പറയാന്‍ മറന്നു ആ പള്ളിയുടെ അടുത്ത് കാണുന്ന കുത്തിമറച്ച കുഞ്ഞു ചായ പീടിക ഉപ്പയുടെതാണ്. ഉപ്പയുടെ ഉച്ചത്തിലുള്ള ചുമയാണ് എന്നെ പലപ്പോഴും ഉണര്‍ത്തിയിരുന്നത്. ഉമ്മ ഇടയ്ക്കു പറയും നിങ്ങള്‍ക്ക് ഇതൊന്നു ഡോക്ടറിനെ കാണിച്ചുകൂടെ?.ഉപ്പ മറുപടിയൊന്നും പറയാറില്ല. വര്‍ഷങ്ങള്‍ നീണ്ട ജീവിതയാത്രക്കിടയില്‍ ഉപ്പാക്ക് ഇതൊക്കെ ശീലമായിരിക്കുന്നു. കെട്ടിയോളുടെയും,മക്കളുടെയും വിശപ്പടക്കാനും മക്കളെ രണ്ടക്ഷരം പഠിപ്പിക്കാനും നെട്ടോട്ടമോടുന്നതിനിടയില്‍ ഡോക്ടറെ കാണിക്കാന്‍ ആ പാവത്തിനെവിടാ നേരം...വാപ്പുമ്മയുടെ മരണത്തോടെ ഉപ്പ ഒരുപാട് അവശനായപോലെ. മകന്റെ കഷ്ടപ്പാടും, ദാരിദ്ര്യവുമൊക്കെ എന്ന് മാറും എന്ന ആ വിലാപത്തിന് അങ്ങനെ അവസാനമായി. ബാബു മൂത്ത കുട്ടിയായിരുന്നെങ്കില്‍ ഉപ്പായ്ക്ക് ഒരാശ്വാസം ആകുമായിരുന്നേനെയെന്ന് പറഞ്ഞു ഉമ്മ ഇടയ്ക്കു വിലപിക്കും. ബാബുവിനെ അറിയില്ലേ!! ഞങ്ങള്‍ നാല് പെണ്‍കുട്ടികളുടെയും താഴെയുള്ളതാ അവന്‍. വാലിയിത്തായും,കുഞ്ഞിത്തായും പത്ത് കഴിഞ്ഞപ്പോ പഠിപ്പ് നിര്‍ത്തി. രണ്ടാളും പത്ത് പാസയതാ. എന്നിട്ടും പഠിക്കാന്‍ വയ്യെന്ന് പറഞ്ഞു. ഉപ്പ നിര്‍ബന്ധിച്ചുമില്ല. പഠിക്കാന്‍ വയ്യാതൊന്നുമല്ല ഉപ്പാക്ക് അത്രയെങ്കിലും അശ്വാസമാകട്ടെ എന്ന് കരുതിയിട്ടുണ്ടാകും രണ്ടാളും. എന്റെ വീട്ടില്‍ ആര്‍ക്കും തന്നെ വലിയ വലിയ മോഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലായിരുന്നു. കത്തികാളുന്ന അടുപ്പിനു ചുവട്ടില്‍ നെഞ്ചില്‍ അതിനെക്കാള്‍ കനലുമായി രാപ്പകല്‍ തള്ളിനീക്കുന്ന നിറമുള്ള സ്വപ്നങ്ങളൊക്കെ കരിഞ്ഞു പോയ ഒരു പാവം ചായ പീടികക്കാരന്റെ മക്കളാണെന്ന ബോധം ഞങ്ങള്ക്ക് എന്നുമുണ്ടായിരുന്നു.

                                                     
     പത്തു കഴിഞ്ഞപ്പോള്‍ എനിക്കെന്തോ പഠിപ്പ് നിര്‍ത്താന്‍ തോന്നിയില്ല. ചിലപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. ഉപ്പയെ ഞാന്‍ കഷ്ടപ്പെടുത്തുന്നുണ്ടോയെന്ന്. അപ്പൊള്‍ ഞാന്‍ പറയും തോറ്റാല്‍ പടിപ്പുനിര്‍ത്തും കേട്ടോ ഉപ്പാ . നിശബ്ധമായി ചിരിച്ചുകൊണ്ട് ഉപ്പ പറയും എന്റെ കുട്ടി എത്രവേണേലും പഠിച്ചോ ആയുസുള്ള കാലം വരെ എന്റെ കുട്ടിയെ ഉപ്പ പഠിപ്പിക്കുമെന്ന്. ഉപ്പയ്ക്കറിയാം എനിക്ക് പഠിക്കാന്‍ വലിയ മോഹമാണെന്ന്. ആ ഇടയ്ക്കാണ് അടുത്തുള്ള ആയ്ശുത്തടെ വീട്ടില്‍ വന്നുപോകുന്ന അവരുടെ ഏട്ടത്തിയുടെ മകന്‍ അഷ്‌റഫ്‌ എന്റെ പിന്നാലെ ചുറ്റി തിരിയാന്‍ തുടങ്ങിയത്. വലിയ വീട്ടിലെ കുട്ട്യോള്‍ക്ക് തോന്നുന്ന നേരമ്പോക്കായി തന്നെയാണ് ആദ്യം തോന്നിയത്. പിന്നെ അതിനു ആര്‍ദ്രതയും ,ആഴവും ഉണ്ടെന്നു മനസിലാക്കിയപ്പോള്‍ കൌമാരത്തിന്റെ മോഹങ്ങളും, സ്വപ്നങ്ങളും നെഞ്ചിടിപ്പിന്റെ ദ്രുതതാളത്തില്‍ ചിറകു വിടര്‍ത്തി എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു എനിക്കും അയ്യാളെ ഒരുപാട് ഇഷ്ടമാണെന്ന്. എങ്കിലും ഞാന്‍ ആരാണെന്ന ബോധവും ചുറ്റുപാടുകളും ആ ഇഷ്ടത്തെ ഏകാന്ത രാത്രികളുടെ നിശബ്ദ തേങ്ങലുകളായി ഒതുക്കിനിര്‍ത്തി. എപ്പോഴോ ആയിഷു-ത്ത പറഞ്ഞറിഞ്ഞു അയാള്‍ ഗള്‍ഫിലേക്ക് പോകയാണെന്നു. എന്തിനാന്നറിയാതെ മനസ്സ് പിടഞ്ഞത് കണ്ടില്ലെന്ന് നടിച്ചു.

                                          അപ്രതീക്ഷിതമായി ഒരുദിവസം കോളേജ് വിട്ട് മടങ്ങിവരുമ്പോള്‍ ഉമ്മറത്ത്‌ അഷ്റഫും, ആയിശിത്തയും, ഉപ്പയും മറ്റാരൊക്കെയോ ഉണ്ടായിരുന്നു. എല്ലാവരുടെ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കം. കാര്യമറിയാനുള്ള വെമ്പലില്‍ എല്ലാവര്ക്കം ഒരുചിരി സമ്മാനിച്ച് ഞാന്‍ പിന്നാമ്പുറത്തേക്ക് പോയി. ഇത്താത്തമാരാണ് പറഞ്ഞത്. അഷ്റഫിന്റെ വീട്ടുകാരാണ് അപ്പുറത്തുള്ളത്. അഷ്റഫിന്റെ നിര്‍ബന്ധം കൊണ്ട് അവര്‍ വിവാഹത്തിന് സമ്മതിച്ചു. ഇത്താത്തമാരുടെ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ക്ക് സമ്മതമാണ് വാക്കുപറഞ്ഞു ഉറപ്പിക്കാനാണ് അവര്‍ വന്നതെന്ന്. നാല് പെണ്മക്കള്‍ ഉള്ള ഒരു ഗതിയുമില്ലാത്ത പാവം എന്റെ ഉപ്പക്ക് തട്ടികളയാന്‍ കഴിയുമായിരുന്നില്ല ആ ബന്ധം. അങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ വാക്ക് ഉറപ്പിച്ച് എന്നോട് യാത്ര പറഞ്ഞ് അഷ്‌റഫ്‌ ഗള്‍ഫിലേക്ക് പറന്നു. പിന്നെ കത്തുകളിലൂടെയും,ഫോണ്‍വിളികളിലൂടെയും ആ ബന്ധം വളര്‍ന്നുകൊണ്ടിരുന്നു. ഉപ്പ വേണ്ടെന്നു എത്രപറഞ്ഞിട്ടും അഷ്‌റഫ്‌ ഇക്ക കാശും സമ്മാനങ്ങളും അയച്ചുകൊണ്ടേയിരുന്നു. ഒരു മൂത്ത മകനെ പോലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത്‌ ഇത്താത്തമാര്‍ക്കു പറ്റിയ ആലോചനകള്‍ കൊണ്ടുവന്ന് എല്ലാ ചിലവും വഹിച്ച് അവരുടെ വിവാഹം നടത്തി. മക്കളുടെ ജീവിതം സുരക്ഷിതമായ സമാധാനത്തോടെതന്നെ ഉപ്പ മരിച്ചു. ഉപ്പയുടെ മരണത്തോടെ പൂര്‍ണമായും എന്റെ വീടിന്റെ ചുമതലകള്‍ അഷ്‌റഫ്‌ ഇക്ക ഏറ്റെടുത്തു. എന്റെ പഠനം പൂര്‍ത്തിയായതോടെ വലിയ ആര്‍ഭാടമായിതന്നെ അഷ്‌റഫ്‌ ഇക്ക എന്നെ നിക്കാഹ് കഴിച്ചു. നാട്ടുകാരും,വീട്ടുകാരും എനിക്ക് കൈവന്ന മഹാഭാഗ്യത്തെ വാനോളം പുകഴ്ത്തി. അഷ്‌റഫ്‌ ഇക്കയുമായി ജീവിച്ചു തുടങ്ങിയപ്പോള്‍ അത് ഒരു വെറും വാക്കായി എനിക്കും തോന്നിയില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്. പിരിഞ്ഞിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. താമസിയാതെ അഷ്‌റഫ്‌ ഇക്ക എന്നെയുംകൊണ്ട് ഗള്‍ഫിലേക്ക് പറന്നു.

                                                 എന്റെ ഗ്രാമം മാത്രം കണ്ട്‌ വളര്‍ന്ന എനിക്ക് ഗള്‍ഫ്‌ അത് ഒരു അത്ഭുതലോകം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ നിമിഷങ്ങളെപോലെ കടന്നുപോയ്കൊണ്ടിരുന്നു. ഞങ്ങളുടെ ദാമ്പത്യവല്ലരിയില്‍ രണ്ട്‌ പൊന്നോമനകള്‍ പിറന്നു. ജീവിതത്തിനു കൂടുതല്‍ അര്‍ത്ഥവും പ്രതീക്ഷിക്കളുമുണ്ടായി. ആഴ്ചയിലെ സുഹൃത് സന്ദര്‍ശനങ്ങള്‍,ഇടക്കുള്ള യാത്രകള്‍ അതൊക്കെ ഞങള്‍ക്ക് ഇഷ്ടമായിരുന്നു .സീനയുടെ വീട്ടില്‍മത്രമായി ആ സന്ദര്‍ശനങ്ങള്‍ ഒതുങ്ങിപോയപ്പോഴും,യാത്രകളില്‍ സ്ഥിരമായി സീനയെയും കുടുംബത്തെയും ഒപ്പം കൂട്ടിയപ്പോഴും എനിക്ക് പ്രിതെകിച്ചു ഒന്നും തോന്നിയില്ല. കാരണം എനിക്ക് അഷ്‌റഫ്‌ ഇക്കയെ അത്ര വിശ്വാസമായിരുന്നു.എനിക്കുവേണ്ടി എന്റെ കുടുംബംമൊത്തം ചുമലിലേറ്റിയ നാളിതുവരെ എന്നെയും എന്റെ കുട്ടികളെയും പൊന്നുപോലെ നോക്കുന്ന ആ പാവത്തിനെ എന്തിന്റെ പേരിലാണ് കുറ്റപ്പെടുത്തുക?.റസീനയുമായുള്ള അടുപ്പം അതികം വേണ്ടാന്ന്‍ പല സുഹൃത്തുകളും ഉപദേശിക്കാന്‍ തുടങ്ങി. അവളുടെ വീട്ടില്‍ പോകുന്ന ഒരു പുരുഷന്മാരും രക്ഷപെടില്ല അവളുടെ ഭര്‍ത്താവിന്റെ സമ്മതത്തോടെയും അറിവോടെയുമാണ് ഒക്കെ നടക്കുന്നത്. ആണുങ്ങളുടെ ചോര കുടിക്കുന്ന ഒരു യക്ഷിയാണ് അവള്‍ എന്നോക്കെ പറഞ്ഞ് ആ ബന്ധതില്‍നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കി. എല്ലാരും പറയുന്നത് കേട്ട് ഭയം തോന്നി ഈ ബന്ധം നമുക്ക് വേണ്ടന്നു പറഞ്ഞപ്പോള്‍ ഇക്ക പറഞ്ഞു. ജീവിത പ്രാരാബ്ധം കൊണ്ട് വിവാഹത്തിന് വളരെ മുന്‍പുതന്നെ നഴ്സായി ഗള്‍ഫില്‍ വന്ന സുന്ദരിയായ അവളെ തെറ്റിദ്ധരിച്ചു വെറുതെ ആളുകള്‍ ഓരോന്ന്‍ പറയണതാണ് എന്ന്. ദിവസങ്ങള്‍ പിന്നെയും കടന്നുപോയ്കൊണ്ടിരുന്നു. ഇതിനിടക്ക് പേര്പറഞ്ഞും,അല്ലാതെയും എനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഇക്കയും സീനയുമായി നല്ല ബന്ധമാല്ലാന്നു പറഞ്ഞു. എനിക്കും ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. പതിവായുള്ള വൈകിവരല്‍, രാത്രികാലങ്ങളില്‍ വരുന്ന ഫോണ്‍കാളുകള്‍, ഉറക്കത്തില്‍നിന്നു എഴുന്നേറ്റ്‌ റൂമിനു പുറത്ത്പോയുള്ള അടക്കിപിടിച്ച സംസാരങ്ങള്‍.ചോദിക്കാതിരിക്കാന്‍ എനിക്കായില്ല. സൗമ്യമായി സംസാരിച്ചിരുന്ന ആള്‍ എനിക്ക് സംശയരോഗമാണ് എന്നുപറഞ്ഞു പൊട്ടിത്തെറിക്കാന്‍ തുടങ്ങി....
                                              
                                      ഒരു രാത്രി എന്തോ സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്ന ഞാന്‍ ശരിക്കും ഞെട്ടിപോയത്‌ അപ്പോഴാണ്. എന്റെ അടുത്ത് ഉറങ്ങികിടന്നിരുന്ന അഷ്‌റഫ്‌ ഇക്കയെ കാണാനില്ല. എന്ത് ചെയ്യണം എന്നറിയാതെനിന്ന എന്നെ ഭയപ്പെടുത്തികൊണ്ട് ഫോണ്‍ബെല്ലടിച്ചു. വിറയാര്‍ന്ന കൈകള്‍കൊണ്ട് ഞാനെടുത്ത ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു. നിങ്ങളുടെ സമ്മതത്തോടെയാണോ ഭര്‍ത്താവും മക്കളും നാട്ടില്‍ പോയിരിക്കുന്ന സീനയുടെ വീട്ടില്‍ എന്നും അര്‍ദ്ധരാത്രി നിങ്ങളുടെ ഭര്‍ത്താവു വന്നുപോകുന്നത്? ഞങ്ങള്‍ ഫാമിലിയായി താമസിക്കുന്നിടത്ത് ഇത് വച്ച്പൊറുപ്പിക്കാന്‍ കഴിയില്ല. ഞങ്ങള്‍ പോലീസിനെ വിളിക്കാന്‍ പോകയാണ്. ഒരുനിമിഷം തലക്കുള്ളിലൂടെ ഒരഗ്നിഗോളം കടന്നുപോയപോലെ തോന്നി. ഫോണ്‍ വലിച്ചെറിഞ്ഞു വീടുപൂട്ടി ആ വിജനതയിലേക്ക് ഇറങ്ങി സീനയുടെ വീട് ലക്ഷ്യമാക്കി ഓടുമ്പോള്‍ മരവിച്ച ശരീരത്തിനുള്ളിലെ വിറയാര്‍ന്ന ഹൃദയം ദൈവത്തോട് കേഴുന്നുണ്ടായിരുന്നു അവിടെ എന്റെ അഷ്‌റഫ്‌ഇക്ക ഉണ്ടാകരുതേയെന്ന്. സീനയുടെ വാതില്‍ക്കല്‍ ഒരുപറ്റംആളുകള്‍. പരിഹാസത്തോടെയും,സഹതാപതോടെയും നോക്കുന്ന കണ്ണുകളിലേക്ക് നോക്കാന്‍ കഴിയാതെ കുറ്റവാളിയെ പോലെ ഞാന്‍ നിന്നു....


നിര്‍ത്താതെയുള്ള മുട്ടലുകല്‍ക്കൊടുവില്‍ വാതില്‍ തുറന്ന സീന, ഈ രാത്രിയില്‍ നിന്റെ ഭര്‍ത്താവു എന്നെതിരഞ്ഞു വന്നെങ്കില്‍ അത് നിന്റെ കഴിവിലായ്മയാണ് എന്ന് എനിക്കുനേരെ ആക്രോശിച്ചുകൊണ്ട് അവള്‍ കയറിപോയി. മറ്റുള്ളവര്‍ക്കൊപ്പം ഇറങ്ങിവരുന്ന അഷ്‌റഫ്‌ ഇക്കയെ കണ്ട്‌ എന്തുചെയണമെന്നറിയാതെ സബ്ധയായി നിന്ന എന്റെ നേര്‍ക്ക്‌ തീഷ്ണമായ കണ്ണുകളോടെ നീയാണോ എന്നെ കണ്ടുപിടിക്കാന്‍ ഇവറ്റകളെയും കൂട്ടി വന്നത് എന്നുപറഞ്ഞുകൊണ്ട് എന്റെ മുഖത്ത് ആഞ്ഞടിച്ചു. അടികൊണ്ടു വീണ എന്നെ ചവിട്ടിയും വലിചിഴച്ചും വീട്ടില്കൊണ്ടുവന്നു. പിന്നീടുള്ള ദിവസങ്ങള്‍ പീഡനങ്ങള്‍ മാത്രമായിരുന്നു. അതുവരെ ഞാന്‍ കാണാത്ത ഒരാളായി മാറി അഷ്‌റഫ്‌ ഇക്ക. അവളെ കൂടാതെ ജീവിക്കാന്‍ പറ്റില്ലെന്ന് എന്നോട് തുറന്നുപറഞ്ഞു. അറിയാവുന്നതുപോലെയൊക്കെ കരഞ്ഞും കലുപിടിച്ചും ആ ബന്ധതില്‍നിന്നു പിന്മാറാന്‍ ഞാന്‍ അപേക്ഷിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോഴും എനിക്ക് ഒരു ഓഫര്‍ തന്നു അഷ്‌റഫ്‌ ഇക്ക . നിന്നെയും എനിക്കിഷ്ടമാണ് നീ എന്റെ ജീവിതത്തില്‍നിന്നു പോകണം എന്ന്‍ എനിക്കില്ല. റസീനയുടെ ഭര്‍ത്താവിനെ പോലെ ഒക്കെയും നീയും കണ്ടില്ലാ , കേട്ടില്ലാ എന്ന രീതിയില്‍ അനുവദിച്ചാല്‍ നിന്നെയും ,മക്കളെയും, നിന്റെ വീട്ടുകാരെയും ഒക്കെ ഒരുമാറ്റവുമില്ലാതെ തുടര്‍ന്നും നോക്കിക്കൊള്ളാമെന്ന്.

                                       ദിവസങ്ങള്‍ നീണ്ട മൌനം ഭജിച്ചുകൊണ്ട് ഒരുദിവസം അഷ്‌റഫ്‌ ഇക്ക എന്നോട് പറഞ്ഞു. നാളെ മുതല്‍ സീനയും ഭര്‍ത്താവും ഇവിടെ ഷെയറിങ്ങില്‍ താമസിക്കയാണ്. ആ തീരുമാനം എന്നെ തകര്‍ത്തുകളഞ്ഞു. ആരോടാ ഞാന്‍ എന്റെ സങ്കടം പറയേണ്ടത്? അഷ്‌റഫ്‌ഇക്കയുടെ ഔദാരിയത്തില്‍ ജീവിതം തള്ളിനീക്കുന്ന ഉമ്മയോടും, കൂടപ്പിറപ്പുകളോടുമോ ? ഈ അപമാനവുംപേറി ജീവിക്കുന്നതിലും ഭേദം മരണമാണെന്ന തിരിച്ചറിവിലും എന്റെ മരണത്തോടെ തീര്‍ത്തും അനാഥമായി പോകുന്ന രണ്ട്‌ കുരുന്നുകളുടെ നിഷ്കളങ്ക മുഖങ്ങള്‍ അതിനും തടസ്സമായി. ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഞാന്‍ അഷ്‌റഫ്‌ ഇക്കയോട് പറഞ്ഞു എന്നെവേണ്ടാത്ത നിങ്ങള്‍ക്കൊപ്പം എന്റെ കുട്ടികളുടെ ഭാവിയോര്‍ത്ത്‌ മാത്രം ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഞാനും എന്റെ കുട്ടികളും താമസിക്കുന്ന ഈ വീട്ടില്‍ അവള്‍ വരാന്‍ പാടില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. അതിനു തയാറാകാന്‍ കഴിയാതെ അവസാനം അഷ്‌റഫ്‌ ഇക്ക തന്നെ ഒരുവഴി കണ്ടുപിടിച്ചു. ഇരുനൂറു കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളില്‍ മക്കളെ ചേര്‍ത്ത് അതിനടുത്ത്‌ തന്നെ ഒരുഫ്ലാറ്റ്‌ എടുത്തു ഞങ്ങളെ അങ്ങോട്ട്‌ മാറ്റിപാര്‍പ്പിച്ചു. മാസംതോറും അഷ്‌റഫ്‌ ഇക്ക മുടങ്ങാതെ വന്നു .ആവശ്യത്തിലധികം കാശും ഏല്‍പ്പിച്ചു അപരിചിതനെ പോലെ മടങ്ങും. നാട്ടില്‍ എനിക്കുകൈവന്ന സൗഭാഗ്യത്തില്‍ ഊറ്റം കൊണ്ട് എന്റെ ഉമ്മയും സഹോദരങ്ങളും ഒന്നും അറിയാതെ അഷ്‌റഫ്‌ ഇക്കയെ വാനോളം പുകഴ്ത്തി ഇന്നും ജീവിക്കുന്നു. ഈ മരുഭൂമിയില്‍ അനാഥരായി, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ ഞാനും എന്റെ കുട്ടികളും ജീവിക്കുന്നു. എന്നെങ്കിലും ആ ബന്ധം ഉപേക്ഷിച്ച് ഞങ്ങളിലേക്ക് അഷ്‌റഫ്‌ ഇക്ക വരുമെന്ന് പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയോടെ ഞാനും മക്കളും ഇന്നും കാത്തിരിക്കുന്നു ഈ പ്രവാസ ജീവിതത്തിന്റെ വര്‍ണ്ണപൊലിമയില്‍ ചിതറിവീണ വളപ്പൊട്ടുകളായി..!!

            ----------------------------------------Razla Sahir-------------------------------------------------------

Monday, April 1, 2013

അവള്‍ നിലൂഫര്‍ .........




വെള്ള പുതച്ച് ശാന്തമായി കണ്ണുകളടച്ച് കിടക്കുന്ന   നിലൂഫറിന്റെ മുഖത്തേക്ക് നോക്കിനിന്നപ്പോള്‍ അവള്‍ പുഞ്ചിരിക്കുന്നതു പോലെ തോന്നി. അവളെ അങ്ങനെ കണ്ട നിര്‍വൃതിയില്‍ നീര്‍മിഴികള്‍ മെല്ലെ പൂട്ടവെ ആരോ പറയുന്നുണ്ടായിരുന്നു.നിലൂഫര്‍ മരിച്ചിരിക്കുന്നു....!!


അതെ നിലൂഫര്‍ മരിച്ചിരിക്കുന്നു. ആ സത്യം എന്റെ കണ്ണുകളെ വീണ്ടും തുറക്കാന്‍ പ്രേരിപ്പിച്ചു. സാധാരണ മരണവീടുകളില്‍ കാണുന്ന ആര്‍ത്തലച്ച വിലാപങ്ങളോനിശബ്ദതയില്‍ ഉയരുന്ന തേങ്ങലുകളോ ഒന്നും ഇല്ല. അവിടെ കൂടി നിന്നവരുടെ കണ്ണുകളിലേക്ക് നോക്കവെ അവയ്ക്കെല്ലാം ഓരോരോ കഥകള്‍ അവളെ പറ്റി പറയാനുള്ളതുപോലെ തോന്നി. അഹങ്കാരിയും, തന്റേടിയും ആണെന്നു ചിലര്‍ ഭാര്യയും ഉമ്മയും ആണെന്നും, അല്ല കാമുകിയും, വഞ്ചകിയും എന്ന് പറയുന്നവരും, ഇതൊന്നുമല്ല ഭ്രാന്തിയായിരുന്നു എന്ന് പറയുന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. സത്യത്തില്‍ 'നിലൂഫര്‍' അവള്‍ ആരായിരുന്നു....?


എന്നെ കൂടാതെ അവളെ നന്നായി അറിയുന്നവര്‍ വേറെയും ഉണ്ടാകുമോവല്ലപ്പോഴും എന്റെ വീടിന് മുന്നിലൂടെയുള്ള അവളുടെ യാത്രകളില്‍ ഒരു പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെയത് കുശലാന്വേഷണങ്ങളും അവളെ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയുമാക്കി. ഭ്രാന്തമായിപ്പൊട്ടിച്ചിരിക്കയുംതമാശകള്‍ പറയുകയും ചെയ്യുമായിരുന്നെങ്കിലും ആ സുന്ദര മുഖത്തെപ്പോഴും ഒരു വിഷാദഭാവം നിഴലിച്ചിരുന്നു. അവളുടെ മിഴിയുടെ ആഴങ്ങളില്‍ ദൈന്യതയോടെ ഇരമ്പുന്ന സാഗരം എന്തിനാണെന്നറിയാനുള്ള വെമ്പല്‍ എന്നില്‍ പലപ്പോഴും ഉണ്ടാക്കിയെങ്കിലും അത് അവളെ വേദനിപ്പിച്ചാലോ എന്നോര്‍ത്ത് അടക്കിനിര്‍ത്തി.


ആമിനത്ത ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഒന്നില്‍ നിലൂഫര്‍ വന്നപ്പോഴാണു അവര്‍ പരിചയക്കാരും അയല്‍ക്കാരും ആണെന്ന് അറിഞ്ഞത്. ഭര്‍ത്താവിനെയുംമക്കളെയും ഒക്കെ ഒഴിവാക്കി ഒറ്റയ്ക്കു കഴിയുന്ന അഹങ്കാരിയുംതന്റേടിയും ആണു നിലൂഫര്‍ എന്ന ആമിനത്തയുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടോ ഞങ്ങള്‍ക്കിടയില്‍  അകല്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞില്ല.. ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യാനേരത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കയറി വന്ന് ഈരാത്രി ഞാന്‍ ഇവിടെ കഴിയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന അവളുടെ ചോദ്യത്തിനു ഇല്ല എന്ന് തലയാട്ടവെ, എന്റെ കണ്ണുകളിലെ പകപ്പ് അവള്‍ കണ്ടിരുന്നുവോ........?


മണിക്കൂറുകള്‍ നീണ്ട നിശബ്ദതയെ ഭജ്ഞ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞ്തുടങ്ങി... ബാല്യകാലത്തുണ്ടായ പിതാവിന്റെ വേര്‍പാട് ഉമ്മയും ഏഴ് മക്കളുമടങ്ങുന്ന ജീവിതം ദുരിതപൂര്‍ണമാക്കി. തളര്‍ത്തിതുടങ്ങിയ ജീവിതയാത്രയില്‍ സഹായഹസ്തവുമായി വന്ന ഇളയുമ്മക്കൊപ്പം ഉമ്മ പറഞ്ഞയച്ചപ്പോള്‍ അത് ഉമ്മയുടെ സ്നേഹമാണെന്നവള്‍ ധരിച്ചു. സ്നേഹ വാക്കുകള്‍ ആവോളം പകര്‍ന്നുതന്ന് രാപ്പകല്‍ പണിയെടുപ്പിച്ച ഇളയുമ്മായ്ക്കും തന്നോട് സ്നേഹമാണെന്നവള്‍ കരുതി. നയനങ്ങളാല്‍ സാന്ത്വനവും, സ്വപ്നങ്ങളും കൈമാറി നിശബ്ദമായി കടല്‍ കടന്ന് പോയ കാമുകന്‍ അവളെ പ്രണയിച്ചിരുന്നു എന്നും വിശ്വസിച്ചു അവള്‍. തന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ സമ്പന്നന്‍ വിവാഹം കഴിച്ചപോള്‍ മരണം വരെ അയാള്‍ സംരക്ഷിക്കുമെന്നുംതാന്‍ ഭാര്യ ആണെന്നും, തൊണ്ണകാട്ടി ചിരിക്കുന്ന പൂമുഖം കണ്ടപ്പോള്‍ താന്‍ ഒരു ഉമ്മയാണെന്നും അവള്‍ കരുതി. കാലങ്ങള്‍ നീണ്ട യാത്രയില്‍ ഭര്‍ത്താവിന്റെ അപഥസഞ്ചാരവും, പീഡനവും കൊണ്ടവശയായി നിന്നപ്പോള്‍ സാന്ത്വനവുമായി വന്ന് മനസ്സും, ശരീരവും കവര്‍ന്ന അയല്‍ക്കാരനും തന്നെ സ്നേഹിക്കയാണെന്ന് വിശ്വസിച്ചു അവള്‍...


മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട, സഹോദരങ്ങളാല്‍ തിരസ്കരിക്കപ്പെട്ടഭര്‍ത്താവിനാലും, മക്കളാലും, ആട്ടിപ്പായിക്കപ്പെട്ടകാമുകനാല്‍ വഞ്ചിക്കപ്പെട്ടസമൂഹത്താല്‍ പുശ്ചിക്കപ്പെടുന്ന ഞാന്‍ സത്യത്തില്‍ ആരാണെന്ന് എനിക്കൊന്ന് പറഞ്ഞുതരൂ...... എന്ന് പറഞ്ഞുകൊണ്ടുള്ള അവളുടെ ആര്‍ത്തലച്ച വിലാപം കാതുകളില്‍ ഉണ്ടാക്കിയ മരവിപ്പ് മാറുന്നതിനുമുന്‍പേയുള്ള അവളുടെ ഈ വേര്‍പാട് ശരീരത്തെയും മരവിപ്പിച്ചുകളഞ്ഞു..


തന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ജീവിതത്തിലെന്നും പെയ്തിറങ്ങിയ ദുരന്തങ്ങള്‍ക്കൊടുവിലെ ഈ മരണം അവള്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ...? എന്തിനായിരുന്നു നെഞ്ചിനുള്ളിലൊരു നീറ്റല്‍ അവശേഷിപ്പിച്ച് ഉത്തരം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ ആ ചോദ്യം എന്‍റെ നേര്‍ക്ക് വലിച്ചെറിഞ്ഞ് അവള്‍ കടന്നുപോയത്......അവളുടെ ചോദ്യത്തിനുള്ള ഉത്തരം പരതവെ എന്റെ മുന്നിലേക്ക് തെളിഞ്ഞ് വന്ന മുഖങ്ങള്‍ക്കെല്ലാം ഒരേ ഛായയാണെന്ന് പകപ്പോടെ ഞാന്‍ തിരിച്ചറിഞ്ഞു. അത് അവളുടെതായിരുന്നു......

അവള്‍ നിലൂഫര്‍.................!!



                                             Razla Sahir
                                                Salalah

Tuesday, January 15, 2013

ചരമ കുറിപ്പ് .......

അക്ഷര മഴയെന്നില്‍  പെയ്തിറങ്ങിടവേ

ലൈലയായ്‌ മാറി ഞാന്‍ പ്രണയം പൊഴിച്ചു......

രാധയായ്‌ മാറി ഞാന്‍ വിരഹം കുറിച്ചു.........

രതിദേവിയെപ്പോല്‍  ഞാന്‍ കാമം രചിച്ചു ..........

പാതിവ്രത്യചോട്ടില്‍ സീതയായ്‌ മാറി ഞാന്‍ ..............

നങ്ങേലിതന്നുടെ വായ്ത്താരി ഓതി

അമ്മയായ്‌ മാറി ഞാന്‍ ........

കണ്ണകിയായ്‌  പ്രതികാര ജ്വാല പടര്‍ത്തി ഞാന്‍ ..........

ചതിതന്‍ കളങ്ങളില്‍ ശകുനിയെപോല്‍....
കരുക്കള്‍ നീക്കി ഞാന്‍ ............

രണാങ്കണത്തില്‍ അര്‍ജ്ജുനനെന്നപോല്‍
യോദ്ധാവായ് മാറി ഞാന്‍ ..........

ഒടുവിലായ് എന്നെ തിരഞ്ഞു ഞാന്‍ വാക്കിനായ്‌ പരതവേ....

ശേഷിച്ചതെന്നുടെ ചരമ കുറിപ്പ്‌തൊന്നു മാത്രമായ്...................


*********************************Razla Sahir***************************
********************************* Salalah *****************************










Thursday, January 10, 2013

ഒരു സോമാലിയന്‍ വിലാപം


-------------------------------------------------------

ഞങ്ങള്‍തന്‍ ദേശമാണ്
സോമാലിയ ......
ശവംതീനി പക്ഷികള്‍
പാറിപറക്കുന്ന
ജീവന്റെ സ്പന്ദനം
മെല്ലെ തുടിക്കുന്ന
ശവപറമ്പാണിന്നിവിടം

മജ്ജയില്ലാത്തവര്‍
മാംസമില്ലത്തവര്‍
എല്ലിനുമീതെയായ്‌
തോലുപുതച്ചവര്‍....

കണ്ണുനീരില്ലാത്ത
കണ്ണുകള്‍ ഉള്ളവര്‍
സ്വപ്‌നങ്ങള്‍ നെയ്യുവാന്‍
ത്രാണിയില്ലാത്തവര്‍

ഉച്ചത്തില്‍ കരയുവാന്‍
ഒച്ചയില്ലാത്തവര്‍
നാണം മറയ്ക്കുവാന്‍
ചേലയില്ലാത്തവര്‍

പശിയടക്കീടുവാന്‍
അന്നമില്ലാത്തവര്‍
അന്യര്‍തന്‍ അമേദ്യവും
മോദമായ്‌ ഭക്ഷിപ്പോര്‍

അമ്മിഞ്ഞപാല്‍ വറ്റിവരണ്ട
തന്മുലഞെട്ട് കീറി മുറിച്ചിട്ട് ....
ആചോര തന്നുടെ ഓമന
കുഞ്ഞിന്റെ  നാവിലേക്കിറ്റിച്ച്
പശിയടക്കീടുന്ന പാവാമാം
അമ്മമ്മാര്‍ ഉണ്ടിവിടെ .....

പശിയടങ്ങീടാതെ
തന്റെ പൊന്നുണ്ണികള്‍
മുന്നിലായ് പിടഞ്ഞു മരിക്കവേ
ദീര്‍ഘ നിശ്വാസത്താല്‍
ആശ്വസിച്ചീടുന്ന
താതരും ഉണ്ടിവിടെ .....

നാല്‍ക്കാലി പോലെയും
നാഗത്തെ പോലെയും
മെല്ലെയിഴയുന്ന
ഞങ്ങള്‍ തന്‍നാമവും
പാരിതില്‍ മര്‍ത്യ ജന്മങ്ങള്‍ .....

--------------------------------------Razla Sahir------------------------------------------------------
-----------------------------------------Salalah -------------------------------------------------------